Saturday, April 7, 2012

മാറ്റം

എല്ലാം ഒരേ പോലെ എങ്കില്‍ ഈ ലോകം തന്നെ എത്ര വിരസം ആയിരിക്കാം? അതെ മാറ്റം അനിവാര്യം ആണ്...  നില്‍ക്കുന്നതെവിടെയോ അവിടെ ഉള്ളത് ഒരു സംരക്ഷണ കവചമാണ്...ചിലപ്പോളെങ്കിലും ആ കവചം പൊളിച്ചു പുറത്തിറങ്ങേണ്ടതുണ്ട്... നാളയെ നോക്കി മുന്നേറുമ്പോള്‍ അറിയാത്തതെന്തോ അതു തേടേണ്ടതുണ്ട്....

അറിയാത്തത് തേടുമ്പോള്‍ ഭയം സ്വാഭാവികമല്ലോ... അതെ അറിയാത്തത് പ്രകാശമോ ഇരുട്ടോ അതോ നിറപ്പകിട്ടാര്‍ന്ന മറ്റെന്തോ... അറിയില്ല... പക്ഷെ തേടേണ്ടതുണ്ട്... ചില നല്ല നാളകളെ സ്വപ്നം കാണുമ്പോള്‍ പോലും മനസ്സില്‍ അറിയാത്തതിനോട് മനുഷ്യമനസ്സിനുള്ള ഭയവിഹ്വലത എന്നെയും അലട്ടിന്നു...

മനസ്സേ മാറിനില്‍ക്കൂ എന്നു ഉറക്കെ ഉറക്കെ പറയണം എന്നുണ്ട്... പക്ഷെ ഓരോ ഓരോ നിമിഷാര്‍ദ്ധവും എന്നോടൊപ്പം ഉള്ള എന്റെ മനസ്സിനെ എങ്ങനെ എന്നില്‍ നിന്നകറ്റും?

മനസ്സിനോട് അടങ്ങൂ എന്നു പറയന്നു എപ്പോഴും.... പക്ഷെ അപ്പോഴും അത് ചെയ്യുന്നത് എന്റെ മനസ്സുതന്നെ ആവുമ്പോള്‍ പറയുന്നത് പോലും വിഫലം ആകുന്നുവേല്ലോ...  കടിഞ്ഞാണ്‍ ഇല്ലാതെ അശ്വം കണക്കെ എവിടെയോക്കെയോ പോകുകയും എന്തൊക്കെയോ വിചിന്തനം ചെയ്യുകയും ചെയ്യുന്ന മനസ്സേ ഈ ജീവിതമാകുന്ന ഒരല്പം സമയം നീ ഒന്ന് അടങ്ങുമോ???

മനസ്സേ ഇന്നലകളിലും നാളെയും ജീവിച്ചു ഭ്രാന്ത് ആക്കാതെ എന്നെ വെറുതെ വിടുമോ??? ചിന്താപ്രളയത്തില്‍ മുക്കിതാഴ്ത്താതെ എന്നെ ഇന്നിന്റെ മനോഹാരിതയില്‍ ഭ്രമിപ്പിച്ചു കൂടെ നിനക്ക്??? ചിന്താലേശം ഇല്ലാതെ എന്നെ നാളെയാകുന്ന അനന്തതയിലേക്ക് നടന്നടുപ്പിച്ചു കൂടെ... ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്ന സത്യത്തിന്റെ മൂടുപടം നീക്കി എനിക്ക് കാട്ടിതന്നുകൂടെ???

അനന്തമായ വിഹായസ്സെന്നെ ഭ്രമിപ്പിക്കുന്നു... അനന്തതയില്‍ രമിക്കാന്‍ ഹൃദയം വെമ്പല്‍ കൊള്ളുമ്പോഴും എന്തിനു മനസ്സേ നീ എന്നെ ഇവിടുത്തെ അറിവുകളിലെ സംരക്ഷണത്തില്‍ സുരക്ഷിത ആവാന്‍ നിര്‍ബന്ധിക്കുന്നു?? ചുറ്റും മാറുന്നു.... മണ്ണ് മാറുന്നു പുഴ മാറുന്നു... മഴയും വെയിലും മാറുന്നു... സൂര്യന്‍ മാറുന്നു ചന്ദ്രന്‍ മാറുന്നു... ആകാശവും ഭൂമിയും മാറുന്നു... പക്ഷെ മനസ്സേ നീ എന്തെ എന്നെ മാറാന്‍ അനുവദിക്കാത്തെ???

മാറ്റം അനിവാര്യം ആണ് എന്നറിയാമായിട്ടും മനസ്സേ നീ എന്തെ ഇരുള്‍ മൂടിയ ഈ തുരങ്കം കടക്കാന്‍ അനുവദിക്കത്തെ? കാലം ഏറെഎടുക്കുമായിരിക്കാം... പക്ഷെ തുരങ്കതിനപ്പുരം വെളിച്ചമുണ്ട് എന്നു കേള്‍ക്കുന്നു... എനിക്കൊന്നു നടന്നടുക്കാന്‍ പക്ഷെ നീ എന്തെ എന്നെ ഭയപ്പെടുത്തുന്നു???? എന്റെ കണ്ണിലെ അന്ധത  ആ പ്രകാശത്തിന്റെ മുന്നില്‍ എത്തുമ്പോള്‍ മാറിയേക്കും.


മാറ്റത്തിലേക്ക് ഞാന്‍ നടന്നടുക്കെട്ടെ......