Monday, May 6, 2013

മറ്റുള്ളവരുടെ ചിന്തകള്‍ അറിയാനായിരുന്നെങ്കില്‍

ഒട്ടും പിടി തരാത്തെ മനസ്സിന്റെ ചിന്തകളെ എന്നില്‍ നിന്ന് മാറി മറ്റുള്ള കണ്ണുകളിലൂടെ നോക്കാനായിയിരുന്നെങ്കില്‍ എന്നാലോചിക്കുകയാണ് ഞാന്‍ ഇപ്പോള്‍ ... ഉത്തരം ഇല്ലാത്തെ എന്റെ കുറെയേറെ ചിന്തകള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശി ആയിരുന്നേനെ അത്.... എനിക്കിനിയും മനസ്സിലായിട്ടില്ലാതെ കാര്യം ചിലര്‍ മറ്റുള്ളവരെക്കുറിച്ച്  അവര്‍ അങ്ങനെ ഉദ്ദേശിച്ചുകൊണ്ട് പ്രവര്‍ത്തിച്ചു അവര്‍ തന്നെ ദ്രോഹിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്തതാണ് എന്ന് മറ്റുമുള്ള ആരോപണങ്ങള്‍ ആണ്‌...അവര്‍ എങ്ങനെ ആണ് മറ്റുള്ളവര്‍ എങ്ങനെഒക്കെ ചിന്തിച്ചു എന്ന് പറയുന്നത്... മനപ്പൂര്‍വ്വം ദ്രോഹിക്കാന്‍ ചെയ്തു എന്ന് പറയുന്നേ???

മറ്റുള്ളവര്‍ തന്നെ സഹായിക്കാന്‍ വേണ്ടി ആവും അങ്ങനെ ഒക്കെ പ്രവര്‍ത്തിക്കുന്നത് എന്നൊന്നും ചിന്തിക്കുന്ന ആളുകളെ ഇന്നോളം കണ്ടിട്ടില്ല.... കണ്ടതത്രയും മറ്റുള്ളവര്‍ മനപ്പൂര്‍വ്വം തന്നെ ദ്രോഹിച്ചു  നിര്‍വൃതി അടയാന്‍ ശ്രമിക്കുന്നു എന്നാ ആരോപണത്തെ.... എന്തുകൊണ്ടോ എന്റെ ജീവിതകാലം തുലോം ചെറുതായ കൊണ്ടാവാം ഒരു ഭാഗം മാത്രം ഇത് വരെ കേട്ടത്.....

പക്ഷെ എന്റെ സംശയം അതൊന്നും അല്ല.... ഈ ആളുകള്‍ എങ്ങനെ ആണ് മറ്റുള്ളവരുടെ മനസ്സിലെ ദ്രോഹ ചിന്തകള്‍ മാത്രം എപ്പോഴും അറിയുകയും നല്ല ചിന്തകള്‍ അറിയാതിരിക്കുകയും ചെയ്യുന്നേ??? നല്ലതോ ചീത്തയോ?? അറിയില്ല... എനിക്ക് മറ്റു മനുഷ്യരുടെ ചിന്തകള്‍ എന്താണ് എന്നറിയാന്‍ ഇന്നോളം ആയിട്ടില്ല... ഒരു പക്ഷെ കുറെ ഏറെ കാലം ജീവിച്ചു ആളുകളെ മനസ്സിലാക്കാന്‍ ആവാത്തതിനാല്‍ ആവാം.... എന്നാലും ഒരു ആഗ്രഹം... മറ്റുള്ളവര്‍ ചിന്തിക്കുന്നത് എനിക്ക് കൂടി ഒന്നറിയാന്‍കഴിഞ്ഞിരുന്നെങ്കില്‍ ... കുറഞ്ഞ പക്ഷം എന്നെക്കുറിച്ച് ചിന്തിക്കുന്നതെങ്കിലും... എന്റെ ഉള്ളിലെ ചിന്തകള്‍ തന്നെ എനിക്ക് വളരെ അധികം ആണ്.... അത് സൗജന്യം ആയി ആര്‍ക്കെങ്കിലും മേടിച്ചിരുന്നെങ്കില്‍ എനിക്കു സമാധാനം കുറെ ഏറെ ഉണ്ടായേനെ...
.
പക്ഷെ എന്നെപ്പോലെ തന്നെ ആണോ ഭൂമിയിലുള്ള മറ്റു മനുഷ്യരും... അങ്ങനെ എങ്കില്‍ ആരും അറിയുന്നില്ല മറ്റുള്ള ആളുകള്‍ ചിന്തിക്കുന്നതൊക്കെ... അങ്ങനെ ആണെങ്കില്‍ മറ്റുള്ളവര്‍ മനപ്പൂര്‍വ്വം ദ്രോഹിച്ചു എന്ന ആരോപണം യഥാര്‍ത്ഥത്തില്‍ തന്റെ തന്നെ മനസ്സിന്റെ സ്രഷ്ടി ആയിരിക്കില്ലേ.... അങ്ങനെ ആണെങ്കില്‍ ആ ആരോപണങ്ങള്‍ തന്റെ തന്നെ നേര്‍ക്കല്ലേ വരേണ്ടത്??? മറ്റുള്ളവരെ മനസ്സിലാക്കിയില്ലെങ്കിലും അനാവശ്യമായ ആരോപണങ്ങള്‍ എന്തിനാണ് മനുഷ്യന്‍ ഉന്നയിക്കുന്നത്....

നമ്മെ പ്പോലെ തന്നെ ഉള്ളവര്‍ തന്നെ അല്ലെ മറ്റുള്ളവരും .... നാം ചിന്തിക്കാത്തെ കാര്യങ്ങള്‍ മറ്റുള്ളവര്‍ നമ്മെക്കുറിച്ച് പറയുമ്പോള്‍ എത്ര മാത്രം വിഷമം ഉണ്ടോ അതുപോലെ മറ്റുള്ളവര്‍ക്കും ഉണ്ടായേക്കാം എന്ന് ഒന്ന് വെറുതെ എങ്കിലും ചിന്തിക്കാനാവില്ലേ മനുഷ്യന്.....
......... എന്തിനു ഞാന്‍ ഇതൊക്കെ വെറുതെ ചിന്തിക്കണം??? ചിതകളെ ഇല്ലാതെ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നറിയാതെ ചിന്തിച്ചു പോകുന്നൂ ഞാന്‍....


Tuesday, February 5, 2013

ശരി എവിടെ???

കാലവും അതിന്റെ ഗതിയും തേടിയാണു പലപ്പോഴും ചിന്തകള്‍ സഞ്ചരിക്കുന്നത്....ശരി എന്നു എന്റെ മനസ്സിനു ബോധ്യമായ പലതും ജീവിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന ശരികെടുകള്‍ ആകുമ്പോള്‍ മനസ്സറിയാതെ ചോദിച്ചു പോകുന്നു.... എന്തിനീ ജീവിതം എന്നു... എന്റെ കാഴ്ചപ്പാടുകള്‍ സാധാരണ ജീവിത സത്യങ്ങളെ സാധൂകരിക്കുന്നവ അല്ലെങ്കില്‍, എനിക്ക് സത്യമായി തോന്നുന്നവ സത്യത്തിന്റെ നേര്‍കാഴ്ച അല്ലെങ്കില്‍ സത്യത്തെതേടിയുള്ള എന്റെയി യാത്ര കൊണ്ടെന്തു ഗുണം??

എന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ക്കുപകാരപ്പെടുന്നുഎങ്കില്‍ നല്ലതും അല്ലാതെ പക്ഷം മറ്റുള്ളവര്‍ക്കെരു ചെറിയ ഹൃദയ വേദന നല്‍കുന്നുവെങ്കില്‍ അത് സത്യവിരുദ്ധവും നിന്ദ്യവും എന്നു ഏതോ കാലങ്ങളില്‍ പഠിച്ചിരുന്നു... പക്ഷെ... ചുറ്റും നോക്കുമ്പോഴും കേള്‍ക്കുന്ന കഥകളിലും നന്മകള്‍ നന്നേ കുറവായി എന്തെ ഞാന്‍ കാണുന്നു?? മറ്റുള്ളവര്‍ക്ക് ഹൃദയവ്യഥ ഉണ്ടാക്കുന്നവയൊക്കെ എന്തെ സത്യം എന്നു ഘോഷിക്കപ്പെടുന്നെ??? ക്രൂരമായി മാത്രം ചിന്തിച്ചു അവനു സ്വയം ശരി അല്ല എന്നു ബോധ്യമുള്ളതും സ്വാര്‍ത്ഥലാഭാതിനു മാത്രമുതകുന്നതും ആയവ എങ്ങനെ ആണ് സത്യത്തിന്റെ ഗണത്തിലാവുക അങ്ങനെ ഉള്ളവ എങ്ങനെ ആണ് നേട്ടമായി ഗണിക്കപ്പെടുന്നെ???

ചിന്തിക്കുമ്പോള്‍ ഉത്തരം കിട്ടുന്നില്ല....പ്രവര്‍ത്തിയുടെഫലം ആണ് വിധി എന്നു പറയുമ്പോഴും വിധിയെ പഴിചാലും എന്റെ ചുറ്റും കാണുന്ന ശരി ഒന്ന് മാത്രം ആയി ഞാന്‍ നിജപ്പെടുതെണ്ടി വരുമോ??? അതും ഏറ്റവും സ്വാര്‍ത്ഥം എന്നു പറയാവുന്ന തരത്തില്‍ ഉള്ള ഒരു സത്യം... അഹോ കഷ്ടം... എങ്കിലും ഒന്ന് ചോദിക്കെട്ടെ.... ലോകത്തുള്ള ഏക സത്യം "കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍" എന്നത് മാത്രം ആണോ???

Saturday, April 7, 2012

മാറ്റം

എല്ലാം ഒരേ പോലെ എങ്കില്‍ ഈ ലോകം തന്നെ എത്ര വിരസം ആയിരിക്കാം? അതെ മാറ്റം അനിവാര്യം ആണ്...  നില്‍ക്കുന്നതെവിടെയോ അവിടെ ഉള്ളത് ഒരു സംരക്ഷണ കവചമാണ്...ചിലപ്പോളെങ്കിലും ആ കവചം പൊളിച്ചു പുറത്തിറങ്ങേണ്ടതുണ്ട്... നാളയെ നോക്കി മുന്നേറുമ്പോള്‍ അറിയാത്തതെന്തോ അതു തേടേണ്ടതുണ്ട്....

അറിയാത്തത് തേടുമ്പോള്‍ ഭയം സ്വാഭാവികമല്ലോ... അതെ അറിയാത്തത് പ്രകാശമോ ഇരുട്ടോ അതോ നിറപ്പകിട്ടാര്‍ന്ന മറ്റെന്തോ... അറിയില്ല... പക്ഷെ തേടേണ്ടതുണ്ട്... ചില നല്ല നാളകളെ സ്വപ്നം കാണുമ്പോള്‍ പോലും മനസ്സില്‍ അറിയാത്തതിനോട് മനുഷ്യമനസ്സിനുള്ള ഭയവിഹ്വലത എന്നെയും അലട്ടിന്നു...

മനസ്സേ മാറിനില്‍ക്കൂ എന്നു ഉറക്കെ ഉറക്കെ പറയണം എന്നുണ്ട്... പക്ഷെ ഓരോ ഓരോ നിമിഷാര്‍ദ്ധവും എന്നോടൊപ്പം ഉള്ള എന്റെ മനസ്സിനെ എങ്ങനെ എന്നില്‍ നിന്നകറ്റും?

മനസ്സിനോട് അടങ്ങൂ എന്നു പറയന്നു എപ്പോഴും.... പക്ഷെ അപ്പോഴും അത് ചെയ്യുന്നത് എന്റെ മനസ്സുതന്നെ ആവുമ്പോള്‍ പറയുന്നത് പോലും വിഫലം ആകുന്നുവേല്ലോ...  കടിഞ്ഞാണ്‍ ഇല്ലാതെ അശ്വം കണക്കെ എവിടെയോക്കെയോ പോകുകയും എന്തൊക്കെയോ വിചിന്തനം ചെയ്യുകയും ചെയ്യുന്ന മനസ്സേ ഈ ജീവിതമാകുന്ന ഒരല്പം സമയം നീ ഒന്ന് അടങ്ങുമോ???

മനസ്സേ ഇന്നലകളിലും നാളെയും ജീവിച്ചു ഭ്രാന്ത് ആക്കാതെ എന്നെ വെറുതെ വിടുമോ??? ചിന്താപ്രളയത്തില്‍ മുക്കിതാഴ്ത്താതെ എന്നെ ഇന്നിന്റെ മനോഹാരിതയില്‍ ഭ്രമിപ്പിച്ചു കൂടെ നിനക്ക്??? ചിന്താലേശം ഇല്ലാതെ എന്നെ നാളെയാകുന്ന അനന്തതയിലേക്ക് നടന്നടുപ്പിച്ചു കൂടെ... ഞാന്‍ അറിയാന്‍ ആഗ്രഹിക്കുന്ന സത്യത്തിന്റെ മൂടുപടം നീക്കി എനിക്ക് കാട്ടിതന്നുകൂടെ???

അനന്തമായ വിഹായസ്സെന്നെ ഭ്രമിപ്പിക്കുന്നു... അനന്തതയില്‍ രമിക്കാന്‍ ഹൃദയം വെമ്പല്‍ കൊള്ളുമ്പോഴും എന്തിനു മനസ്സേ നീ എന്നെ ഇവിടുത്തെ അറിവുകളിലെ സംരക്ഷണത്തില്‍ സുരക്ഷിത ആവാന്‍ നിര്‍ബന്ധിക്കുന്നു?? ചുറ്റും മാറുന്നു.... മണ്ണ് മാറുന്നു പുഴ മാറുന്നു... മഴയും വെയിലും മാറുന്നു... സൂര്യന്‍ മാറുന്നു ചന്ദ്രന്‍ മാറുന്നു... ആകാശവും ഭൂമിയും മാറുന്നു... പക്ഷെ മനസ്സേ നീ എന്തെ എന്നെ മാറാന്‍ അനുവദിക്കാത്തെ???

മാറ്റം അനിവാര്യം ആണ് എന്നറിയാമായിട്ടും മനസ്സേ നീ എന്തെ ഇരുള്‍ മൂടിയ ഈ തുരങ്കം കടക്കാന്‍ അനുവദിക്കത്തെ? കാലം ഏറെഎടുക്കുമായിരിക്കാം... പക്ഷെ തുരങ്കതിനപ്പുരം വെളിച്ചമുണ്ട് എന്നു കേള്‍ക്കുന്നു... എനിക്കൊന്നു നടന്നടുക്കാന്‍ പക്ഷെ നീ എന്തെ എന്നെ ഭയപ്പെടുത്തുന്നു???? എന്റെ കണ്ണിലെ അന്ധത  ആ പ്രകാശത്തിന്റെ മുന്നില്‍ എത്തുമ്പോള്‍ മാറിയേക്കും.


മാറ്റത്തിലേക്ക് ഞാന്‍ നടന്നടുക്കെട്ടെ......

Thursday, February 2, 2012

എന്റെയീ ജല്‍പനങ്ങള്‍ തുടരുമ്പോള്‍ .. കാലവും കാലച്ചക്രവും സഹജീവികളും മിന്നിമറയുന്നു...

ഭ്രാന്തമായ വിചാരവീധികളിലൂടെയാണ് മനുഷ്യന്‍ എപ്പോഴും സഞ്ചരിക്കുന്നത്.. ഒന്നും ചിന്തിച്ചു തീരുമുന്‍പേ ഒരു നൂറു ചിന്ത വന്നു പോകാം... ചിന്തകള്‍ മനസ്സിനെ മഥിക്കുമ്പോള്‍ സ്വയം അറിയാതെ പോകുന്നൂ ആ ചിന്തകള്‍ എന്റെ ഉള്ളില്‍ താണ്ഡവം ആടുന്ന പ്രശ്നങ്ങള്‍ക്ക് ഒരിക്കലും പരിഹാരമാവുന്നില്ല എന്ന്...

                                                       

ചിന്തകള്‍ ഒരു ലഹരി ആവുന്നതാണല്ലോ ഭ്രാന്ത്... അതെ... ഭ്രാന്തമാണ് എന്റെ ചിന്തകള്‍ ...ഒന്നിലും ഉറക്കാത്തെ ചിന്തകള്‍ ... ഒരു നിമിഷം മരണഭയം വേട്ടയാടുമ്പോള്‍ ആ നിമിഷം തീരും മുന്പേ  ഉത്സവ ലഹരിയിലേക്ക് ചിന്ത മാറുവാന്‍ ഇനി ഒരു നിമിഷം ആവുന്നതിനു മുന്‍പ്‌ ചിന്തകള്‍ അവിടെ നിന്നും യാത്രയായി മറ്റൊരു തുരുത്തില്‍ എത്തിയിട്ടുണ്ടാവാം...

വെറുമൊരു അണുവിനു സമാനമായ ഞാന്‍; ആ എന്റെ ചിന്തകള്‍ പ്രപഞ്ചത്തോളം വലുതാവുമ്പോള്‍ , ചിന്തകള്‍ക്കൊന്നും ഒരു അന്തവും ഇല്ലാതെ ആവുമ്പോള്‍ .. ചിന്തകള്‍ മാത്രം അതല്ലാതെ മറ്റൊന്നും മനസിനെ അലട്ടാതാവുമ്പോള്‍ (മറ്റെന്തു മനുഷ്യനെ അലട്ടും?) ദൃശ്യമായ ഭൂമിയില്‍ നിന്ന് അദൃശ്യമായ മറ്റെവിടെയെക്കെങ്കിലും ഓടി മറഞ്ഞിരുന്നെങ്കില്‍എന്നു വെറുതെ ആഗ്രഹിച്ചു പോകുന്നു...

ഒന്നാലോചിച്ചാല്‍ എത്രയോനിസസാരമാണ് മനുഷ്യജീവിതം... നാം കല്‍പ്പിച്ചു കൊടുക്കുന്ന വില പോലും അതിനുണ്ടാവില്ല.... എന്തിനേറെ... തുച്ചമായ മനുഷ്യജീവിതം അതിനു സ്വയം മനുഷ്യന്‍ മാത്രം ആയിരിക്കില്ലേ സ്വയം വില നിശ്ചയിച്ചു സ്വയം വിപണനത്തിന്റെ മൂല്യവും മൂലധനവും ആയി കരുതുന്നത്... 

ഒരു നിശ്ചയവും ഇല്ലാതെ ആകാശത്ത് പറക്കുന്ന പക്ഷിക്കെന്തു വില... ഒന്നും അറിയാതെ വിശക്കുമ്പോള്‍ ഭൂമിയില്‍ ഉള്ളതു ഭക്ഷിച്ചും ശത്രു ഭീതി ശത്രുവിന്റെ മുന്നില്‍ പെടുമ്പോള്‍ മാത്രം അറിഞ്ഞും... കാലത്തിന്റെ ഗതിയെ അറിയാതെ എന്നാല്‍ കാലത്തോടൊപ്പം സഞ്ചരിക്കുന്നതുമായ മനുഷ്യേതര  ജീവികള്‍ക്കെന്തു ചിന്താഭാരം??? ആര്‍ക്കു തടയാന്‍ ആവും മനുഷ്യന്റെ ഭ്രാന്തമായ ചിന്തകളെ...ആ വിചാര ധാരയില്‍ നിന്നുണ്ടാവുന്ന ആശയവിന്യസങ്ങളെ??? കാലത്തെ മനുഷ്യന്‍ അറിയുന്നതും, ഒന്നോരല്‍പം മാറി നിന്ന് പഞ്ചേന്ദ്രിയങ്ങള്‍ അറിയിക്കുന്നതോരോന്നും അറിയാന്‍ കഴിയുന്നത് അവന്റെ ചിന്തകള്‍ മൂലം അല്ലെ??? ചിന്തയെ പഴിച്ചു ഞാന്‍ എഴുതുമ്പോള്‍ പോലും ചിന്തയില്ലാതെ എനിക്കതിനാവുമായിരിക്കില്ല.... ചിന്ത മനസിനെ അസ്വസ്തമാക്കുമ്പോഴും ചിന്തയില്ലാതെ പരിഹാരത്തെ അറിയുക സാധ്യമാവുമോ??? ചിന്ത പ്രവര്‍ത്തി ആയി പരിണമിക്കാതെ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയല്ലേ ഉള്ളൂ....

കാലം മനുഷ്യനുമുന്നില്‍ പരീക്ഷണങ്ങളുടെ ഒരു വലിയ ഭാണ്ഡം ആണു തുറന്നു വ്യ്ച്ചിരിക്കുന്നത്....  ഒരാളുടെ ചിന്തകള്‍ ഭയാനകം ആവുമ്പോള്‍ അതെ പോലെ ചിന്തിക്കുന്ന ഒരു സമൂഹം പരസ്പരം നോക്കി ചിരിക്കുമ്പോള്‍ ആ ചിന്തകളെ ഖന്ധിക്കുന്നതിനായി മറ്റൊരു സമൂഹം ഭീതിതം ആയി ചിന്തിക്കുകയും പ്രതികരിക്കുകയം ചെയ്യുമ്പോള്‍ പ്രവര്‍ത്തി ആയി മാറാത്തെ നമ്മുടെ ചിന്തെക്കെന്തു പ്രസക്തി???

ഭയം ഗ്രസിച്ച മനുഷ്യന് ചിന്തകള്‍ ഭീതി വിതറുന്ന ഭാരം ആണു.... ഉറങ്ങാന്‍ അനുവദിക്കത്തെ ദുസ്വപ്നമാണ്..... ഉത്തരമില്ലാത്തെ ഒരുനൂറുകൊടി ചോദ്യങ്ങളുടെ വേലിയേറ്റമാണ്... ഭയപ്പെടുന്ന ചിന്തകള്‍ അത് സമൂഹത്തിന്റെതാവുമ്പോള്‍ ആര്‍ക്കും മറ്റൊരാളെ ആശ്വസിപ്പിക്കാന്‍ പോലും ആവാതെ വരുന്നു....പിന്‍മാറുക എന്നൊരു നൂറു ആവര്‍ത്തി സ്വയം സമാധാനിപ്പിക്കുമ്പോഴും ചിതകള്‍ ഭ്രാന്തമായ തലങ്ങളിലീക്ക് വ്യാപിച്ചു കഴിയുന്നു...

                                                                         

തീവ്രമായി ചിന്തിച്ചു സ്വയം ഇര എന്നു കരുതുന്നവന്‍ കാണുന്നതെല്ലാം ശത്രുവിനെ.... ഇരയെ ആഘോഷിക്കുന്ന സമൂഹമാവുമ്പോള്‍ ആ സമൂഹവും ഭ്രാന്തമായ ചിന്തകളെ ആഘോഷിക്കുന്നു... തന്റെ ഉള്ളിലെ ശത്രുവായ ചിന്തകളില്‍ നിന്ന് മോചനം നേടാന്‍ പരനായുള്ളവനെ ഇല്ലാതാക്കുന്നു ഭ്രാന്തമായ മനസ്.... അതെ.... കാട്ടുതീ പോലെ പടരുന്ന ഇരയുടെ മനസ്സാണ് ഭൂമിയിലെ സകല നാശത്തിനും നിദാനം.... ഭ്രാന്തമായി ചിന്തിക്കുന്നവന്‍ സന്നിവേശിപ്പിക്കുന്ന ചിന്താധാരകളെ ഒരു സമൂഹം ആവാഹിക്കുമ്പോള്‍ സമൂഹത്തിന്റെ ചിന്തകള്‍ മലീമസമാക്കപ്പെടുമ്പോള്‍ .... ഇര എന്ന തന്റെ അപകര്‍ഷത തന്റെ ചിന്തകളുടെ ഉള്ളിലെവിടെയോ ഉടലെടുത്ത വേട്ടക്കാരനെ പുറത്തു തേടി അലയുമ്പോള്‍ തന്റെ മുന്നില്‍ നില്‍ക്കുന്നവര്‍ എല്ലാം തന്നെ വേട്ടയാടാന്‍ വന്നവര്‍ എന്നു കരുതുമ്പോള്‍ സ്വയരക്ഷക്കായി ഒന്നുമറിയാതെ ആരെയോക്കയോ, താന്‍ വെട്ടയാടാതെ ഇരിക്കാന്‍ ആയി ഇല്ലാതെ ആക്കുമ്പോള്‍ ഭ്രാന്തമായ മനസ് അറിയുന്നില്ല... ശത്രു ഉള്ളില്‍ ആണെന്ന്.... വഴിപിഴച്ച ചിന്തകള്‍ ആയിരുന്നു തന്റെ ശത്രുവെന്ന് മനസ്സിലാക്കപ്പെടുന്നില്ല.... ഒരു നിമിഷം ഒന്ന് ഉള്ളിലേക്ക് തിരിഞ്ഞു നോക്കാതെ തന്നെ വേട്ടയാടാന്‍ വരുന്നവനെ തേടിയുള്ള തന്റെ വേട്ടയാടല്‍ നിര്‍ബാധം തുടരുന്നു.... അങ്ങനെയൊരു വേട്ടയാടല്‍ സമൂഹം ഏറ്റെടുത്താല്‍ സ്വന്തം അവിശ്വാസത്തില്‍ നിന്ന് ആരെയും വിശ്വസിക്കാന്‍ ആവാതെ തന്റെ ചിന്തകള്‍ക്കൊരു പോരാളിയായി ചുറ്റും ഉണ്ടായേക്കാവുന്ന ശത്രുവിനെ വേട്ടയാടാന്‍ കോപ്പുകൂട്ടുന്നു....  ഇരയുടെ അപകര്‍ഷതാബോധം ഭ്രാന്തമാക്കിയ ചിന്തകളില്‍ സ്വബുദ്ധിക്കും സ്നേഹത്തിനും എന്ത് സ്ഥാനം????

സ്വയം വിശ്വസിക്കുന്നവര്‍ക്കെ അന്യരെ വിശ്വസിക്കാന്‍ ആവൂ... സ്വയം സ്നേഹിക്കുന്നവര്‍ക്കെ അന്യരിലെ സ്നേഹം തിരിച്ചറിയാന്‍ ആവൂ.... ഒരുവന്‍ ശത്രുവെങ്കില്‍ സ്വന്തം മനോമുകുരത്തില്‍ നോക്കാതെ എങ്ങനെ ശത്രുവിനെ കാണാന്‍ ആവും.... നാം നമ്മുടെ കണ്ണുകള്‍കൊണ്ട് മാത്രമല്ലേ ലോകത്തെ കാണൂ....  തിരിച്ചറിയാനുള്ള ആ കണ്ണുകള്‍ നമ്മുടെ ചിന്തകള്‍ അല്ലെ.... ഭ്രാന്തമാകുന്ന ചിന്തകള്‍ തിരിച്ചറിവിന്റെ പാത കൂടിയാണ്...  അപ്പോള്‍ ചിന്തിക്കാതിരിക്കുന്നത് ലഹരി ആവും....


ഇരയെന്നു പറഞ്ഞാരോ വേട്ടക്കാരനെ തേടി വരുന്നു.... പാഴായിപ്പോയ ഒരു ഇരതേടല്‍ വഴിയില്‍ എവിടേയോ മുടങ്ങിയപ്പോള്‍ അടുത്ത ശത്രുവിനെ തേടുന്നു....

പക്ഷെ ശത്രു ആര്....

"ആ മുന്നില്‍ കാണുന്നവന്റെ നോട്ടം തീരെ ശരിയല്ല... ഇനി ഇവനെങ്ങനും ആയിരിക്കുമോ???????????"


ആരോ പറഞ്ഞപോലെ... "ചിന്തിച്ചാല്‍ ഒരു അന്തവും ഇല്ല ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവും ഇല്ല"......


 

Monday, September 19, 2011

വീണ്ടും കുറെ ചിന്തകള്‍

അര്‍ത്ഥശൂന്യമായ ചിന്തകള്‍ എന്നുഎല്ലാവരും പരിഹസിക്കുമ്പോഴും ജീവിതത്തെ ഒരു ലഹരി ആയി കൊണ്ടു നടക്കുന്ന എന്റെ ചിന്തകളെ കൈവിടുക എനിക്കുസാധ്യമാണ് എന്നു തോന്നുന്നില്ല... ലഹരി പിടിപ്പിക്കുന്നതും നിയന്ത്രണമില്ലാത്തതുമായ ചിന്തകള്‍ ... ചിന്തകള്‍ മനുഷ്യ മനസിനെ ഭ്രാന്ത് പിടിപ്പിക്കും എന്നത് എത്ര വലിയ സത്യം...
സ്വയം  മറന്നാഘോഷിക്കാന്‍ മനുഷ്യനു തടസ്സം അവനോടു ഏറെ അടുപ്പം ഉണ്ട് എന്നു അവര്‍ കരുതുന്നവര്‍ തന്നെ... അതെ... ആര്‍ക്കോ വേണ്ടി സ്വന്തം ലഹരി നഷ്ടപ്പെടുത്തിയവന്‍ ആണെല്ലോ മനുഷ്യന്‍...
ചിന്തകള്‍  ഇല്ലാതാവേണ്ടത് പ്രധാനം തന്നെ... അതെ സ്വസ്ഥമായ ലഹരി നിര്‍ഭരമായ മറ്റൊന്നും ഇല്ല തന്നെ... ചിന്തകള്‍ ഒന്നും ഇല്ലാതാവുകയാണ് വേണ്ടതു.... ആരോ പറഞ്ഞു കേട്ടു "ചിന്തിച്ചാല്‍ ഒരു അന്തവും ഇല്ല ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവും ഇല്ല" പോലും.... പക്ഷെ എനിക്കീ പക്ഷത്തെക്കുറിച്ച് അല്‍പജ്ഞാനം തന്നെ ഇല്ല... ചിന്തിക്കാതെ എങ്ങനെ ഞാന്‍ എന്റെ ഭ്രാന്തുകള്‍ എഴുത്തും? ചിന്തിക്കാതെ ഞാന്‍ എങ്ങനെ എന്തെങ്കിലും സംവദിക്കും ചിന്തിക്കാതെ ഞാന്‍ എങ്ങനെ ചെയ്യുവാനുള്ളതൊക്കെ ചെയ്യും???? പറഞ്ഞവന്‍ ആരോ അവന്‍ ജീവിച്ചിരിക്കുന്നെങ്കില്‍ ഒരു അന്തവും ഉണ്ടാവില്ല...

ചിന്തകള്‍ ലഹരി ആവുന്നവന് ചിന്ത തടസ്സം ആവില്ല... പക്ഷെ ചിന്ത മനുഷ്യനെ തന്നെ ഗ്രസിക്കുന്നു എങ്കില്‍ അതെ, ചിന്ത ഇല്ലാതെ തന്നെ ആവെണ്ടതുണ്ട്...
കണ്ണടച്ചു വെറുതെ ഇരിക്കുമ്പോള്‍ സകലതിനെയും ഉള്‍ക്കൊള്ളുന്ന ശൂന്യത... അതില്‍ ചിന്ത എവിടെ??? ഒരാവരണത്തിനുള്ളില്‍ എന്തോ ഒരു ലഹരി ആയി ആവരണത്തെ പോലും നിഷ്പ്രഭമാക്കുന്ന ആ മനോഹാരിത ഒരു പക്ഷെ ചിന്തകള്‍ ഒരിക്കലും കൊണ്ട് വരില്ല.... 
അതിര്‍ത്തി ഇല്ലാതെ ആ ശൂന്യതയെ അറിയാന്‍ പറ്റുന്നെങ്കില്‍ ചിന്തിക്കാതെ തന്നെ ലഹരി ആവുന്നതിനു തടസ്സം എന്ത്? സ്വയം മറന്നിരിക്കാന്‍ ചിന്തകള്‍ തടസ്സം ആവുമ്പോള്‍ ചിന്തകള്‍ ഇല്ലാതെ ആവെണ്ടതുണ്ട്... വെറുതെ.... വെറുതെ.... സ്വയം മറന്നു ലഹരിയില്‍ മുഴുകാന്‍...
 ചിന്തിച്ചാലും ഇല്ലെങ്കിലും ഉള്ള എന്റെ ജല്പനങ്ങള്‍ തുടരട്ടെ....
ഞാന്‍ ആകുന്ന ലഹരീപ്രവാഹം നിലക്കാതെ തുടരട്ടെ.....
ഈഭാന്തമായ മനസിനു കടിഞ്ഞാണ്‍ ശൂന്യത നിറഞ്ഞതാവട്ടെ...........  ആ ശൂന്യത പ്രകാശം കൊണ്ടുള്ള നിലക്കാതെ പ്രവാഹം ആവട്ടെ....

Wednesday, August 25, 2010

കുറേ ചിന്തകളും ഉത്തരമില്ലാത്ത ചോദ്യങ്ങളും.....

ഒരു ചെറിയ കുട്ടി....
അവള്‍ ആകാശത്തിലേക്കു നോക്കുന്നു....
അവള്‍ക്കാ ആകാശം ഉത്തരം കിട്ടാത്തെ ഒരായിരം ചോദ്യംകളുടെ കലവറ ആണു....
ഓടിക്കളിക്കുന്ന തന്‍റെ കൂട്ടുകര്‍ക്കൊപ്പമുള്ള തന്‍റെ കളിയുടെ ഇടയില്‍ ഉള്ള ഇടവേളകളില്‍ അവള്‍ അനന്തമായ വിഹായാസ്‌ ത്തേടിപ്പോകാറുണ്ട്.... തന്‍റെ മനസിലുള്ള ഉത്തരം കിട്ടാത്തെ ചോദ്യം കളുമായി അവള്‍ വീണ്ടും അതിര്‍വരമ്പുകള്‍ ഇല്ലാത്തെ ആകാശത്തേക്കു നോക്കും.....

ഒരു കടുകുമണി പോലെ തോന്നും തന്നെ കണ്ടാല്‍....
ഇല്ലേ..... അങ്ങാകാശത്ത് നിന്നു നോക്കിയാല്‍.... താന്‍ ഒരു കടുക് മണിയുടെ പോലും വലുപ്പമില്ലാത്തെ ഒരു ഇത്തിരി കുഞ്ഞന്‍ സാധനം.....
ഏതോ കൂട്ടുകാരിയോടു അവള്‍ തന്‍റെ ചിന്തകളെ ക്കുറിച്ചു പറയാന്‍ ശ്രമിച്ചു.....
"ഈ കുട്ടിക്കു വട്ടാ.... കടുകുമണി പോലാണ് ഈ കുട്ടി ഇരിക്കണേ പോലും" പിന്നെ അവള്‍ അവളുടെ മനസ്സില്‍ ഉള്ളതു മറ്റാരോടും പറഞ്ഞില്ല.... അവള്‍ക്കതോന്നും തന്നെ മനസിലാക്കുന്ന ആരുമായി സംസാരിക്കാന്‍ ആവില്ല എന്നുണ്ടോ ഈ ജീവിതത്തില്‍???... കളിക്കൂട്ടുക്കര്‍ക്കൊപ്പം വരുമോ മറ്റാരെങ്കിലും???
അവള്‍ നടക്കുമ്പോള്‍ അവള്‍ തന്നെയും അനന്തമായയി പ്രകൃതിയെയും കുറിച്ചുള്ള തന്‍റെ ചിന്തകളില്‍ വീണ്ടും വീണ്ടും മുഴുകുമായിരുന്നു...
കാലത്തിന്‍റെ ഗതിവിഗെതികള്‍ തന്നിലേക്കു അക്ഷരത്തിന്‍റെ വെളിച്ചം പകര്‍ന്നു.... വിദ്യയെ ആര്‍ജിക്കുക എന്നതു ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍...അവള്‍ അറിഞ്ഞോ അറിയതയോ തന്നിലെ ഉത്തരം കിട്ടാത്തെ തന്‍റെ ചോദ്യാവലിയും മനസിലേറ്റി നടന്നു....  കാലത്തിന്‍റെ ഒഴുക്കില്‍ താന്‍ അറിഞ്ഞ വിദ്യകള്‍ തന്‍റെ ചിന്തകളെ സാധൂകരിക്കുന്നതയിരുങ്കിലും താന്‍ അതിനു നല്കിയ വാക്കുകള്‍ ചിന്തകളെ ഭ്രമിപ്പിക്കുന്നതയിരുന്നു....
ചിന്തിക്കുന്ന രീതികള്‍ വാക്കുകളായി മാറുമ്പോള്‍ ആ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്ക് അവരുടെ മനസിലെ ചിത്രങ്ങളായിമാറുമ്പോള്‍ താന്‍ പറഞ്ഞതു തന്നില്‍ ഒതുങ്ങുകയും താന്‍ പറയാന്‍ ചിന്തിച്ചിട്ടുപോലുംഇല്ലാത്ര്യങ്ങള്‍ തന്നില്‍ ആരോപിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഉള്ളിലുള്ളത് മറ്റേതോ ആണോ എന്നു പൊലും സന്ദേഹം ഉണ്ടാകുന്നു....
പ്രകൃതി തനിക്കു കാട്ടി തരുന്ന ഉത്തരങ്ങള്‍ തന്‍റെ സന്ദേഹത്തെ വീണ്ടും വീണ്ടും ആര്‍ജവത്തോടുകൂടി ജനിപ്പിക്കുന്നു... പ്രകൃതി  ഇനിയും കുറേ ചോദ്യങ്ങള്‍ അവളുടെ  മുന്നില്‍ വെക്കുന്നു.... ഉത്തരം തേടിയുള്ള അവളുടെ യാത്രയില്‍ ചോദ്യങ്ങളുടെയും എണ്ണം കൂടി കൂടി വരുന്നു...  കൂടി വരുന്ന ചോദ്യങ്ങളുടെ ഉത്തരവും പ്രകൃതിയില്‍ ഉണ്ട്.... താന്‍ കാണുന്നത്തിലും കേള്‍ക്കുന്നതിലും കാണാതെ കാണുന്നതിലും ഉത്തരം ഉണ്ട്.... ഉത്തരം തേടി അലയേണ്ടതില്ല.... ഉത്തരം മുന്നില്‍ ഉണ്ടു.... അജ്ഞത ആവുന്ന അന്ധകാരം മാറണം എന്നു മാത്രം...

അകക്കണ്ണില്‍ ദീപം തെളിയാന്‍....
ഈ പ്രകൃതി യുടെ മടിത്തട്ടില്‍ അനന്തമായ വിഹായസിനെ....അനന്തമായ എന്തുണ്ടോ അതിനെ മനസ്സില്‍ ഉറപ്പിച്ചു.... അവള്‍ ഉത്തരത്തിനായി കാത്തിരിക്കുന്നു.....